- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനാധ്യാപിക ഉള്‍പ്പെടെ മൂന്ന് അധ്യാപകരുടെ ലോഗിന്‍ ഐഡി ഹാക്ക് ചെയ്തു; പിഎഫ് അക്കൗണ്ടിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയാക്കാന്‍ ശ്രമം: മുന്‍ അധ്യാപകന് അറസ്റ്റില്‍
സഹപ്രവർത്തകരുടെ പിഎഫ് അക്കൗണ്ടിലെ തുക സംഭാവനയാക്കാന്‍ ശ്രമം: മുൻ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പ്രധാനാധ്യാപിക ഉള്‍പ്പെടെ മൂന്ന് അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ലോഗിന്‍ ഐഡി ഹാക്ക് ചെയ്ത മുന്‍ അധ്യാപകന് അറസ്റ്റില്‍. കാടാമ്പുഴ എയുപി സ്കൂളിലെ മുന്‍ അധ്യാപകന് കൊളത്തൂര്‍ ചെമ്മലശ്ശേരി തച്ചങ്ങാടന്‍ സെയ്തലവി (42) ആണ് അറസ്റ്റിലായത്. അധ്യാപകരുടെ ലോഗിന്‍ ഐഡി ഹാക്ക് ചെയ്ത സെയ്തലവി ഇവരുടെ പിഎഫ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റാന്‍ ശ്രമിക്കുക ആയിരുന്നു. അധ്യാപകരുടെ പരാതിയില്‍ അറസ്റ്റിലായ ഇയാളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞെങ്കിലും പിന്നീട് പിടികൂടി.
എട്ടു കേസുകളില്‍ പ്രതിയായ സെയ്തലവിയെ 2018ല്‍ സ്കൂളില്‍നിന്നു പുറത്താക്കുക ആയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രധാനാധ്യാപികയുടെയും മൂന്ന് അധ്യാപകരുടെയും ലോഗിന്‍ ഐഡി ഹാക്ക് ചെയ്ത ശേഷം പിഎഫ് ഫണ്ട് ദുരിതാശ്വാസ നിധിയിലേക്കു മാറ്റാന്‍ ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണു സംഭവം. ഇതില്‍ ഒരു അധ്യാപികയുടെ പിഎഫ് അക്കൗണ്ടിലെ തുക മാറ്റുന്നതിനുള്ള അപേക്ഷയില്‍, സ്വയംവിരമിക്കലിന് അപേക്ഷ നല്‍കിയതായി രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യക്തതയ്ക്കായി വിദ്യാഭ്യാസ വകുപ്പില്‍നിന്നു ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്.
അധ്യാപകരുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, സിഐ കമറുദ്ദീന് വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കു കൊണ്ടുവരുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞു. കാടാമ്പുഴ സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് ഒപ്പമുണ്ടായിരുന്നത്. തിരൂര്‍ ഡിവൈഎസ്പിയെ വിവരമറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലില്‍ തിരൂര്‍ നഗരത്തിലെ കെട്ടിടത്തില്‍നിന്നാണു പിടികൂടിയത്.