തിരുവനന്തപുരം: ലഹരി പരിശോധന സിനിമാ സെറ്റുകളിലേക്കും താരങ്ങളുടെ കാരവനുകളിലേക്കും വ്യാപിപ്പിക്കാന്‍ പൊലീസ് നീക്കം. സിനിമാസംഘടനകളുടെ സഹായത്തോടെ സെറ്റുകളില്‍ കര്‍ശന നിരീക്ഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. സിനിമാസെറ്റുകളില്‍ ലഹരിയുടെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണു പൊലീസ് സിനിമാ സെറ്റുകളിലേക്ക് പരിശോധന വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ആവശ്യമെന്ന് കണ്ടാല്‍ അഭിനേതാക്കളുടെ കാരവനുകളിലും പരിശോധന നടത്തും. ലഹരി ഉപയോഗത്തിനു ചിലര്‍ കാരവനുകള്‍ മറയാക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണിത്. അഭിനേതാക്കള്‍ക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് സിനിമാ സെറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുന്നത്. ലഹരി ഉപയോഗം സംശയിക്കുന്ന സിനിമാ സാങ്കേതിക പ്രവര്‍ത്തകരെയും കര്‍ശനമായി നിരീക്ഷിക്കും.

സിനിമാ സെറ്റുകള്‍ക്ക് പുറമെ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍, ആഘോഷ പാര്‍ട്ടികള്‍ എന്നിവയിലും പരിശോധനകളുണ്ടാകും. ഇത്തരം ആഘോഷ പാര്‍ട്ടികളില്‍ സ്ഥിരമായി ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളുണ്ട്. അന്തര്‍ സംസ്ഥാന ബന്ധമുള്ള ലഹരി റാക്കറ്റുകളിലെ കണ്ണികളാണ് ഇവരെന്നാണു വിവരം.