കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകംതസ്തികയില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്തുന്നത് ഒരാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇതോടെ ലിസ്റ്റിലെ രണ്ടാമൂഴക്കാരനായ കെ.എസ്. അനുരാഗിനെ ഉടന്‍ നിയമിക്കാനാകില്ല. ഹര്‍ജി ഏപ്രില്‍ 29-ന് വീണ്ടും പരിഗണിക്കും.

ക്ഷേത്രകഴകക്കാരെ നിശ്ചയിക്കാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഏകപക്ഷീയമായ അധികാരമില്ലെന്ന് തന്ത്രികുടുംബം വാദിച്ചു. മാലകെട്ട് ആചാരത്തിന്റെ ഭാഗമായതിനാല്‍ മാലക്കഴകക്കാരെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ തന്ത്രിമാരുടെ പ്രതിനിധിയുണ്ടാകണം. ഇത് പാരമ്പര്യാവകാശമാണെന്നും ചൂണ്ടിക്കാട്ടി.

കൂടല്‍മാണിക്യം ദേവസ്വം ഇതിനെ എതിര്‍ത്തു. വാര്‍ഷികോത്സവം നടക്കാനിരിക്കുന്നതിനാല്‍ കഴകംതസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഉചിതമല്ല. നേരത്തേ നിയമിതനായ ബി.എ. ബാലു രാജിനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പകരംനിയമനം നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജികളില്‍ വിശദവാദം നടക്കാനിരിക്കേ പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വത്തോട് എതിര്‍സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു.