കൊച്ചി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് മര്‍ദനമേറ്റു കൊല്ലപ്പെട്ട കേസില്‍ പ്രതികളായ നാല് സഹപാഠികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് എസ്. മുരളീകൃഷ്ണ വിലയിരുത്തി. ജാമ്യഹര്‍ജികളില്‍ തടസ്സവാദമുന്നയിച്ച് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ കക്ഷിചേര്‍ന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികളായ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടികളായ ഹര്‍ജിക്കാര്‍ ആഴ്ചകളായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അപേക്ഷിച്ചു. എന്നാല്‍, ഹര്‍ജിക്കാര്‍ തടങ്കലില്‍ അല്ലെന്നും കോഴിക്കോട് ജുവനൈല്‍ ഹോമിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തീരുമാനം നീട്ടാനാകില്ലെന്നു പറഞ്ഞ കോടതി സര്‍ക്കാരിന്റെ വിശദീകരണത്തിനായി ഹര്‍ജികള്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് (15) ഫെബ്രുവരി 28-നാണ് മരിച്ചത്.