കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം പ്ലാസ്റ്റിക് ഉരുക്കിച്ചേര്‍ത്ത എണ്ണയില്‍ ഉഴുന്നുവടയും പഴംപൊരിയും ഉണ്ടാക്കി വില്‍പ്പന. 'പ്ലാസ്റ്റിക് പലഹാര'ങ്ങള്‍ നാട്ടുകാര്‍ കയ്യോടെ പിടികൂടിയതോടെ അധികൃതരെത്തി കട പൂട്ടിച്ചു. നഗരമധ്യത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപം പുതിയകാവ് ക്ഷേത്രത്തിനു മുന്നില്‍ നിന്ന് എസ്എംപി പാലസ് റോഡിലേക്കു പോകുന്നിടത്തെ പേരില്ലാത്ത കടയാണു കോര്‍പറേഷന്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ സാംപിളുകള്‍ ശേഖരിച്ചു മടങ്ങി.

റെയില്‍വേ സ്‌റ്റേഷനിലും മറ്റഉം വില്‍പ്പനയ്ക്കായി വന്‍തോതില്‍ പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത വടകള്‍ ഉണ്ടാക്കുക ആയിരുന്നു. പാമൊലിന്‍ എണ്ണയുടെയും മറ്റു ബേക്കറി പലഹാരങ്ങളുടെയും പ്ലാസ്റ്റിക് പോളിത്തീന്‍ കവറുകള്‍, പൊരിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം ഇട്ടു തിളപ്പിക്കുകയാണു പതിവ്. പ്ലാസ്റ്റിക് ഉരുകി എണ്ണയില്‍ ലയിക്കും. വട നന്നായി മൊരിയാനും മിനുസം കിട്ടാനുമാണത്രെ ഇങ്ങനെ ചെയ്യുന്നത്. പലഹാരം പെട്ടെന്നു ചീത്തയാകുകയുമില്ല. ഇത് നാട്ടുകാരുടെ കണ്ണില്‍പ്പെട്ടതാണ് കടപൂട്ടാന്‍ കാരണമായത്. ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത്തരം എണ്ണപ്പലഹാരങ്ങള്‍ കാരണമാകുമെന്നു വിദഗ്ധര്‍ പറയുന്നു.

കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ടി.കെ.നൗഷിര്‍ ആണു കട നടത്തിയിരുന്നത്. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ ചായയും പലഹാരവും വില്‍പന നടത്താന്‍ കരാറെടുത്തയാളാണ് നൗഷിര്‍ എന്നു പറയുന്നു. ഇയാള്‍ക്കു നഗരത്തില്‍ പള്ളിമുക്കിലും കടയുണ്ടെങ്കിലും അത് അടച്ചിട്ടിരിക്കുകയാണ്. ഉഴുന്നുവട, പഴംപൊരി എന്നിവയാണു പ്രധാനമായും ഇവിടെ തയാറാക്കി വില്‍പന നടത്തിയിരുന്നത്. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം നവീകരണത്തിനു വേണ്ടി പൊളിച്ചതിനാല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഹോട്ടലുകളും ഇപ്പോഴില്ല. ഇതുമൂലം സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇതിനെയായിരുന്നു.

നൂറുകണക്കിന് യാത്രക്കാരിലേക്കാണ് ഇത്തരം അനാരോഗ്യകരമായ ഭക്ഷണം എത്തിയത്. ഇന്നലെ രാവിലെ കടയ്ക്കു മുന്നിലൂടെ പോയവരില്‍ ചിലരാണു തിളയ്ക്കുന്ന എണ്ണയില്‍ പ്ലാസ്റ്റിക് കവറുകള്‍ ചേര്‍ക്കുന്നതു കണ്ടത്. ചോദ്യം ചെയ്തതോടെ തൊഴിലാളികള്‍ എണ്ണയും ഉരുകിത്തീരാറായ പ്ലാസ്റ്റിക് കവറുകളും കടയ്ക്കു പുറത്ത് ഒഴിച്ചു കളഞ്ഞു. കോര്‍പറേഷന്റെ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ഇതുവരെ പാചകം ചെയ്തിരുന്ന ഭക്ഷ്യസാധനങ്ങളും പ്ലാസ്റ്റിക് കവറുകളും എണ്ണയും മറ്റും പിടിച്ചെടുത്തു. കടയ്ക്ക് മതിയായ രേഖകളോ തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡോ മറ്റോ ഇല്ലെന്നും കണ്ടെത്തി. വെള്ളം പരിശോധിച്ചതിന്റെ രേഖകള്‍ മാത്രമാണ് ഉടമ ഹാജരാക്കിയതെന്നും ലൈസന്‍സോ മറ്റോ ഇല്ലായിരുന്നെന്നും കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എസ്.രാജീവ് പറഞ്ഞു. കട അടപ്പിച്ചതിനു പുറമേ കോര്‍പറേഷന്‍ പിഴയും ഈടാക്കും.