മൂന്നാര്‍: കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള വരയാടുകളുടെ കണക്കെടുപ്പ് വ്യാഴാഴ്ച തുടങ്ങും. രാവിലെ ഒന്‍പതിന് ഇരവികുളം ദേശീയോദ്യാനത്തില്‍ (രാജമല) നടക്കുന്ന ചടങ്ങില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇരുസംസ്ഥാനങ്ങളിലെയും സംരക്ഷിത വനങ്ങള്‍ക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണ് കണക്കെടുപ്പ്. കേരള, തമിഴ്‌നാട് വനംവകുപ്പുകള്‍ ഒരേസമയം കണക്കെടുപ്പ് നടത്തും. 2016ന് ശേഷം ആദ്യമായാണ് സംസ്ഥാന വ്യാപകമായി വരയാടുകളുടെ കണക്കെടുപ്പ് നടത്തുന്നത്.

കേരളത്തില്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള 19 വനം ഡിവിഷനുകളിലാണ് കണക്കെടുപ്പ്. ഇതിനായി കേരളത്തെ 89, തമിഴ്‌നാടിനെ 176 എന്നിങ്ങനെ സെന്‍സസ് ബ്ലോക്കുകളായി തിരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച വൊളന്റിയര്‍മാരും ഉള്‍പ്പെടെ 1300 പേര്‍ പങ്കെടുക്കും. കണക്കെടുപ്പിനായി ക്യാമറ ട്രാപ്പുകള്‍ ഉപയോഗിക്കും. തുടര്‍ച്ചയായി നാലുദിവസം കണക്കെടുപ്പ് നടത്തിയശേഷം വിവരങ്ങള്‍ വിശകലനം ചെയ്യും. ഇതിനുശേഷം കൃത്യമായ എണ്ണം പുറത്തുവിടും.

പ്രദേശത്ത് ഇരവികുളം ദേശീയോദ്യാനത്തിലാണ് ഏറ്റവുമധികം വരയാടുകള്‍ കാണപ്പെടുന്നത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴിലുള്ള ചിന്നാര്‍, ഇരവികുളം, പാമ്പാടുംഷോല എന്നിവിടങ്ങളില്‍ കണക്കെടുപ്പ് നടത്തും. 27-ന് കണക്കെടുപ്പ് അവസാനിക്കും.