ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ മതപരിവര്‍ത്തന കേസില്‍ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലും മലയാളിയുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ജാഷ്പൂര്‍ കുങ്കുറിയിലെ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കുങ്കുറി ഹോളിക്രോസ് നഴ്‌സിങ് കോളജിലെ ജനറല്‍ നഴ്‌സിങ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബിന്‍സി ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് ബിന്‍സി മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

സിസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി രംഗത്തെത്തിയിരുന്നു. കേസ് വ്യാജമാണെന്നും എഫ്‌ഐആര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകള്‍ കഴിഞ്ഞ ദിവസം കുങ്കുറി ടൗണില്‍ റാലി നടത്തി. ആരോപണം സിസ്റ്റര്‍ നിഷേധിച്ചിട്ടുണ്ട്.