തൃശ്ശൂര്‍: തൃശ്ശൂര്‍ വാടാനപ്പള്ളി നടുവില്‍ക്കരയില്‍ വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോധാനന്ദവിലാസം സ്‌കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പില്‍ പ്രഭാകരനേയും (82) ഭാര്യ കുഞ്ഞിപ്പെണ്ണിനേയും (72) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിപ്പെണ്ണ് കിടപ്പു രോഗി ആയിരുന്നു. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കുഞ്ഞിപ്പെണ്ണിന്റെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിലും പ്രഭാകരന്റെ മൃതദേഹം വീടിന്റെ മുറ്റത്തുമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് ഇരുവരെയും പരിചരിച്ചിരുന്നത്. ഉച്ചയോടെ ഇരുവരുടെയും വിവരങ്ങളറിയാന്‍ എത്തിയതാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍.

സംഭവത്തില്‍ ദുരൂഹതയില്ല എന്നും പ്രായാധിക്യം കൊണ്ട് സംഭവിച്ച മരണമാകാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിപ്പെണ്ണ് മരിച്ച വിവരം ആരെയെങ്കിലും അറിയിക്കുന്നതിനായി പുറത്തിറങ്ങിയ ഭാസ്‌കരന്‍ ഹൃദയാഘാതം മൂലമോ അല്ലാതെയോ കുഴഞ്ഞുവീണ് മരിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം. വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല, എന്നിരുന്നാലും അസ്വാഭാവിക മരണമല്ല എന്ന് ഉറപ്പിക്കുന്നതിനായി പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.