തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ ഒരാള്‍ അറസറ്റില്‍. ബേപ്പൂര്‍ പുളിക്കമ്പള്ളി കീരിയേടത്ത് പറമ്പില്‍ പി.പി. മുഹമ്മദ് ഫാരിസി (29) നെയാണ് മ മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റു

കള്‍ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കേസുകള്‍ പെരുകുകയാണ്.

കഴിഞ്ഞവര്‍ഷം ഒമാനിലെ ഒരു കമ്പനി ആധികാരികത പരിശോധിക്കാന്‍ സര്‍വകലാശാലയിലേക്ക് അയച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫാരിസിന്റെ പേരില്‍ കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതുപ്രകാരമാണ് ബുധനാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രതിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഇയാളെ മലപ്പുറം ക്രൈം ബ്രാഞ്ചിന് കൈമാറി.

ഒമാനില്‍നിന്നുള്ള ഒരു മലയാളിയില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. 2017 എന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വര്‍ഷം. എന്നാല്‍ ആ കാലഘട്ടത്തിലെ വൈസ് ചാന്‍സലറുടെ ഒപ്പല്ല സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത്. സര്‍വകലാശാലാ പരീക്ഷാഭവനില്‍ 2018 മുതല്‍ 2025 വരെ 89 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധനയില്‍ പിടിച്ചത്. കേസുകള്‍ എല്ലാം പോലീസ് അന്വേഷണത്തിലാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം 28-ന് നടക്കുന്ന സിന്‍ഡിക്കേറ്റില്‍ പരിഗണനയ്ക്കു വരുന്നുണ്ട്. 2011-ല്‍ ബിഎസ്സി ഇലക്ട്രോണിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് ഒരു സ്വകാര്യ കമ്പനി ആധികാരികതാ പരിശോധനയ്ക്ക് അയച്ചിരുന്നു. അതില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സര്‍വകലാശാല കണ്ടെത്തി. ഈ വ്യക്തിക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ലെന്നും മറ്റൊരു വിദ്യാര്‍ഥിയുടെ ഫോളിയോ നമ്പറിലാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്ളതെന്നും വ്യക്തമായി.