തിരുവനന്തപുരം: ആരോഗ്യമുള്ള യുവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാര്‍ത്ഥികളുടെ കായികക്ഷമത ലക്ഷ്യമിട്ട് ദീര്‍ഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗവും പുതിയ ജീവിതശൈലികളും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ കായിക സംസ്‌ക്കാരം വളര്‍ത്തുന്നതിന് പ്രധാന പരിഗണന നല്‍കും. എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങള്‍ എസ്.ഐ.ഇ.ടി. ഡിജിറ്റല്‍ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആര്‍.ടി. ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കായിക ആരോഗ്യ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഹെല്‍ത്തി കിഡ്സ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയ്ക്കായി എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ കൈപ്പുസ്തകത്തിലെ ഉള്ളടക്കങ്ങളാണ് ഇപ്പോള്‍ ഡിജിറ്റലാക്കി മാറ്റിയത്. എസ് സി ഇ ആര്‍ ടി യുടെ കായിക വിഭാഗത്തിന്റെ സഹായത്തോടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയാണ് ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി കണ്ട് പരിശീലിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കായിക പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ മെച്ചപ്പെട്ട ആരോഗ്യ ശീലങ്ങളും പാലിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് എന്തൊക്കെ കഴിക്കണം എന്തു കഴിക്കരുത് എന്നുപോലും വ്യക്തമായ ധാരണയില്ല. ഭക്ഷണം പോലും വിഷമയമാകുന്ന കാലത്ത് ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇത് സര്‍ക്കാരിന് മാത്രം സാധിക്കാവുന്ന ഒന്നല്ല. ജനങ്ങള്‍ക്ക് ഒന്നാകെ മികച്ച ഭക്ഷണശീലത്തെ പറ്റി ധാരണ ഉണ്ടാകണം. ഇത്തരം ഉള്ളടക്കങ്ങള്‍ വഴി കുട്ടിക്കാലം മുതല്‍ തന്നെ നമുക്കത് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമഗ്ര കായിക ആരോഗ്യ വിദ്യാഭ്യാസ പദ്ധതി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. വരും വര്‍ഷങ്ങളില്‍ എസ് സി ഇ ആര്‍ ടി യും എസ് ഐ ഇ ടി യും സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ സമഗ്ര കായിക ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഏജന്‍സികളും അവരുടെ പരിപാടികളില്‍ ആരോഗ്യ ശീലങ്ങള്‍ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് അധ്യക്ഷനായ ചടങ്ങില്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ ആര്‍ കെ ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി അബുരാജ്, വിദ്യാകിരണം കോ-ഓഡിനേറ്റര്‍ ഡോ സി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.