- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി വിദ്യാര്‍ഥിനിക്ക് അമേരിക്കന്‍ സര്‍വകലാശാല പുരസ്കാരം; യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോയുടെ 'ടവര്‍ ഓഫ് എക്‌സലന്‍സ്' പുരസ്കാരം അമല ബാബു തോമസിന്
മലയാളി വിദ്യാര്‍ഥിനിക്ക് അമേരിക്കന്‍ സര്‍വകലാശാല പുരസ്കാരം
ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോ മികച്ച വിദ്യാര്‍ഥികള്‍ക്കായി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ 'ടവര്‍ ഓഫ് എക്‌സലന്‍സ്' അവാര്‍ഡിന് മലയാളി വിദ്യാര്‍ഥിനി അമല ബാബു തോമസ് ഉള്‍പ്പടെ ആറു പേര്‍ അര്‍ഹരായി.
നേതൃത്വമികവ്, അക്കാദമിക മികവ്, സാമൂഹ്യ സേവനം എന്നിവയിലൂടെ കാമ്പസില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിദ്യാര്‍ഥികളെയാണ് അവാര്‍ഡിനു പരിഗണിച്ചത്. 1872ല്‍ സ്ഥാപിതമായി മെഡിക്കല്‍, എന്‍ജിനിയറിംഗ്, ആര്‍ട്‌സ് വിഷയങ്ങളില്‍ ഉള്‍പ്പടെ മികച്ച വിദ്യാഭ്യാസം നല്‍കുന്ന 153 വര്‍ഷത്തെ ചരിത്രം പേറുന്ന അമേരിക്കയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോ.
അബുദാബിയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശികളായ ബാബു കെ. തോമസിന്റെയും ലിനിയുടെയും ഏക മകളാണ് അമല. നാലാം ക്ലാസ് വരെ തുവയൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലും പത്താംക്ലാസ് വരെ അബുദാബി സണ്‍റൈസിലും പഠിച്ച അമല മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്നു പ്ലസ് ടു കഴിഞ്ഞാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോയില്‍ എന്‍വയോണ്‍മെന്റ് എന്‍ജിനിയറിംഗ് പഠനത്തിനു ചേര്‍ന്നത്.
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അബുദാബി സണ്‍റൈസ് സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്‌സ് വൈസ് പ്രസിഡന്റായിരുന്ന അമല അമേരിക്കയില്‍ എത്തിയ ശേഷം പെറുവിലും മെക്‌സിക്കോയിലും ഉള്‍പ്പടെ വിവിധ മിഷന്‍ ട്രിപ്പുകളില്‍ പങ്കെടുത്തിരുന്നു.
രാഹുല്‍ ഗാന്ധിയുടെ അബുദാബി സന്ദര്‍ശനവേളയില്‍ അമലയുടെ ചോദ്യം ഇഷ്ടപ്പെട്ട് രാഹുല്‍ അമലയെ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.