ചങ്ങനാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരെ സന്ദര്‍ശിച്ചു. കാല്‍ തട്ടിവീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് പെരുന്ന എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കഴിയുന്ന സുകുമാരന്‍നായരെ കാണാന്‍ ചൊവ്വാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി എത്തിയത്. മന്ത്രി വി.എന്‍. വാസവന്‍, അഡ്വ.ജോബ് മൈക്കിള്‍ എംഎല്‍എ, സിപിഎം ഏരിയ സെക്രട്ടറി കെ.ഡി. സുഗതന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ജി.സുകുമാരന്‍നായരെ സന്ദര്‍ശിച്ചിരുന്നു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കുശേഷമാണ് ജി. സുകുമാരന്‍ നായരെ തുടര്‍പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മെഡിക്കല്‍ മിഷനില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി ചികിത്സാവിവരങ്ങള്‍ അന്വേഷിക്കുകയും വേഗം സുഖംപ്രാപിക്കാന്‍ ആശംസിക്കുകയുംചെയ്തു. സുകുമാരന്‍നായരുടെ മക്കളായ ഡോ.എസ്. സുജാത, എസ്. സുരേഷ് കുമാര്‍, എസ്.ശ്രീകുമാര്‍, എസ്. ഉഷാറാണി, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ആര്‍.ജയകുമാര്‍, ഡോ.എം. നാരായണക്കുറുപ്പ്, ഡോ.കെ.എസ്.ശശിധരന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രസന്നകുമാര്‍, നഴ്‌സിങ് സൂപ്രണ്ട് ടി.ജെ. അനിതാകുമാരി എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.