പത്തനംതിട്ട: സ്രോതസ്സ് ഷാര്‍ജ നിര്‍മ്മിച്ച് നല്‍കുന്ന വിവിധ പ്രോജക്ടുകളുടെ താക്കോല്‍ദാനം ശനിയാഴ്ച പരുമലയില്‍ നടക്കും. 25 ലക്ഷം രൂപ ചെലവില്‍ പാലക്കാട് അട്ടപ്പാടി നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ലാബ് കെട്ടിട സമുച്ചയം, കൂട്ടംപേരൂരില്‍ ഒരു കുടുംബത്തിന് നല്‍കുന്ന വീടിന്റെയും താക്കോല്‍ദാനമാണ് നടക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ആയിരുന്ന പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ലാബ് കെട്ടിടവും ഉപകരണങ്ങളും നല്‍കുന്നത്.

രണ്ടര പതിറ്റാണ്ട് പിന്നിടുന്ന സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി സൗകര്യം ഇല്ലാത്തതിനാല്‍ അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനായി 60 കിലോമീറ്റര്‍ അകലെ പാലക്കാട്ടും കോയമ്പത്തൂരും പോകേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത് . ഇതു കാരണം പല കുട്ടികളും തുടര്‍പഠനം ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ അധ്യയന വര്‍ഷമാണ് സ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിച്ചത്.

സാമൂഹ്യ സേവനം ലക്ഷ്യമിട്ട് മലങ്കര ഓര്‍ത്തഡോക്സ് സഭ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കി സ്രോതസ്സ് ഏറ്റെടുത്ത അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ ലാബാണ് നിര്‍മ്മാണം പൂര്‍ത്തിയായി.

നാളെ വൈകിട്ട് മൂന്നിന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പരുമല സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കും. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മാത്യു ടി. തോമസ് എംഎല്‍എ, സഭ സെക്രട്ടറി ബിജു ഉമ്മന്‍, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് ആമയില്‍, അല്മായ ട്രസ്റ്റി റോണി എബ്രഹാം, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് , സാമൂഹിക സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഷാര്‍ജയിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ജീവകാരുണ്യ സംഘടനയായ സ്രോതസ്സ് നാട്ടിലും വിദേശത്തുമുള്ള നൂറുകണക്കിന് ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് വലുതാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേര്‍ക്ക് വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, വിവാഹ സഹായം, ഹൗസിംഗ് പ്രോജക്ടുകള്‍ എന്നിവ കഴിഞ്ഞ 24 വര്‍ഷമായി സ്രോതസ് വിതരണം ചെയ്തു.

വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഡേവിഡ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സുനില്‍മാത്യൂ, ട്രഷറര്‍ മനോജ് മാത്യു, പി .എം. ജോസ്, ജോണ്‍ ഡാനിയേല്‍, മാത്യൂസ് എബ്രഹാം, വര്‍ഗീസ് രാജന്‍, റേച്ചല്‍ മാത്യു, ജോണ്‍സണ്‍ ബേബി, പി.എം തമ്പാന്‍, എന്നിവര്‍പങ്കെടുത്തു.