ഇരിട്ടി: പഴയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി മാറ്റാന്‍ പണം കണ്ടെത്തുന്നതിനായി കൗമാരപ്രായക്കാരന്‍ വീട് കുത്തിത്തുറന്ന് 18 പവന്‍ ആഭരണവും 16,000 രൂപയും കവര്‍ന്നു. ഇരിട്ടി കല്ലുംമുട്ടിയിലാണ് കൗമാരക്കാരന്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതി ഇരിട്ടി പോലീസിന്റെ പിടിയിലായി. സമീപത്തെ വീട്ടിലെ നിരീക്ഷണക്യാമറയില്‍ പതിഞ്ഞത് കുട്ടിയാണെന്ന് മനസ്സിലായതോടെ പോലീസും ഞെട്ടി. 29-ന് പകലായിരുന്നു മോഷണം.

കടകളിലും മറ്റും ജോലി ചെയ്ത് ഉണ്ടാക്കിയ പണവും അച്ഛന്‍ നല്‍കിയ ചെറിയ സഹായവും ഉപയോഗിച്ച് കുട്ടി പഴയ ഇലക്ട്രിക് വാങ്ങി. സ്‌കൂട്ടറിന്റെ ബാറ്ററി മാറ്റാനായിരുന്നു മോഷണം. പുതിയ ബാറ്ററി വാങ്ങാന്‍ 46,000 രൂപയാകുമെന്ന് മനസ്സിലാക്കി. അതിനുള്ള പണം കണ്ടെത്തുന്നതിനാണ് ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. സ്വര്‍ണാഭരണങ്ങളും പണവും കുട്ടിയുടെ വീട്ടില്‍ ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെടുത്തു. ഇരിട്ടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. കുട്ടികൃഷ്ണന്‍, എസ്ഐമാരായ ഷറഫുദ്ദീന്‍, അശോകന്‍, എഎസ്ഐ എന്‍.എസ്. ബാബു, എസ്പിഒ പ്രവീണ്‍ ഊരത്തൂര്‍, ഇരിട്ടി ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ തലശ്ശേരി ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ ഉപദേശങ്ങള്‍ക്കുശേഷം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പില്‍ രക്ഷിതാക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.