ബര്‍ലിന്‍: പൈലറ്റ് ശുചിമുറിയില്‍ പോയതിന് പിന്നാലെ സഹപൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് വിമാനം ആകാശത്ത് തനിയ പറന്നത് പത്ത് മിനിറ്റ്. ജര്‍മനിയിലാണ് സംഭവം. ജര്‍മനിയുടെ ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ വിമാനമാണ് 10 മിനിറ്റ് നേരം ആകാശത്ത് തനിയെ പറന്നത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് സ്‌പെയിനിലെ സെവില്ലിലേക്ക് പോകുമ്പോഴാണ് വിമാന ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം.

2024 ഫെബ്രുവരി 17നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്പാനിഷ് അതോറിറ്റിയുടെ അന്വേഷണത്തിനിടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. പൈലറ്റ് ശുചിമുറിയില്‍ പോയ സമയത്ത് കോക്ക്പിറ്റില്‍ വച്ച് സഹപൈലറ്റ് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ എയര്‍ബസ് എ321 വിമാനം പറന്നു. തനിയെ പറന്ന സമയത്ത് 199 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

സഹപൈലറ്റ് അബോധാവസ്ഥയിലായ സമയത്ത് വിമാനം ഓട്ടോപൈലറ്റ് മോഡിലേക്കു മാറിയതിനാലാണ് അപകടം ഒഴിവായത്. ശുചിമുറിയില്‍നിന്നു തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ സഹപൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒടുവില്‍, അടിയന്തിര ഘട്ടത്തില്‍ വാതില്‍ തുറക്കാന്‍ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് പൈലറ്റ് കോക്പിറ്റിലേക്കു പ്രവേശിച്ചത്. തുടര്‍ന്ന് വിമാനം മാഡ്രിഡില്‍ അടിയന്തിരമായി ലാന്റിങ് നടത്താന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ സഹപൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.