പത്തനംതിട്ട: എആര്‍ ക്യാമ്പില്‍ പരിശോധനയ്ക്കിടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ക്യാമ്പിലെ ഉദ്യോഗസ്ഥന്‍, പണവുമായി വരുന്ന വാഹനത്തിന് സുരക്ഷപോകാന്‍ തിര നിറച്ചുവെച്ച തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്.

തോക്കിന്റെ ക്ഷമത പരിശോധിക്കുന്നതിനായി ആയുധത്തിന്റെ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കി. ലോഡുചെയ്ത തോക്കാണെന്നകാര്യം അറിയാതെ ഇദ്ദേഹം ബാരല്‍ തറയിലേക്കു ചൂണ്ടി ട്രിഗര്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ തറയില്‍ വെടിയേറ്റു. പരിശോധനസമയത്തെ മാനദണ്ഡങ്ങള്‍ ഉദ്യോഗസ്ഥന്‍ കൃത്യമായി പാലിച്ചതിനാല്‍ അപകടമൊഴിവായി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തും. നടപടിയുണ്ടാകുമെന്നാണ് സൂചന.