തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്ക് കൊച്ചിയില്‍ നടന്ന അഭിമുഖങ്ങളുടെ പുരോഗതി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നേരിട്ടെത്തി വിലയിരുത്തി.

ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള പ്ലേയ്‌സ്മെന്റ് ഓഫീസര്‍മാരായ ക്രിസ്റ്റിയാനെ മരിയ സോമ്മിയ, ക്ലൗഡിയ നാപ്പെ, ടാന്‍ജാ ബാര്‍ബറ വില്ലിംഗര്‍, ജാനി സിറ്റോറസ്, ഡാനിയേല കാമ്പ്ഫ് എന്നിവരും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ പ്രതിനിധികളുമായും പി. ശ്രീരാമകൃഷ്ണന്‍ സംസാരിച്ചു.

സുരക്ഷിതമായ വിദേശ തൊഴില്‍ കുടിയേറ്റത്തിനായി രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാതൃകയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് പുറമേ മറ്റ് മേഖലകളിലേയ്ക്കുളള ജര്‍മ്മന്‍ റിക്രൂട്ട്‌മെന്റിന്റെ സാധ്യതകളും ചര്‍ച്ചയായി. മെയ് 20 മുതല്‍ 23 വരെ കൊച്ചിയില്‍ നടന്ന അഭിമുഖങ്ങളില്‍ 174 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29 നും പൂര്‍ത്തിയാകും. റഗുലര്‍ ബാച്ചിനുപുറമേ ഫാസ്റ്റ്ട്രാക്ക് വഴിയുളള അഭിമുഖങ്ങളും തിരുവനന്തപുരത്ത് നടക്കും.

ജര്‍മനിയിലെ ഹോസ്പിറ്റലുകളിലേയ്ക്ക് 250 നഴ്‌സുമാരെയാണ് ഏഴാം എഡിഷനില്‍ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നല്‍കിയ 4200 അപേക്ഷകരില്‍ നിന്നും ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളെ ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള പ്ലേയ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍മാര്‍ നേരിട്ടെത്തിയാണ് അഭിമുഖം നടത്തുന്നത്. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.