മലപ്പുറം: മെയ് 25 (ഞായറാഴ്ച) മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മലപ്പുറം ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് നാളെ മുതല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴയുണ്ടാവാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാത്രി കാലങ്ങളില്‍ നിലമ്പൂര്‍-നാടുകാണി ചുരം വഴി അനാവശ്യ യാത്രകള്‍ ഒഴിവാക്കണം എന്നും കളക്ടര്‍ അറിയിച്ചു.