തിരുവനന്തപുരം: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അതിഥിത്തൊഴിലാളികളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കാനാണ് നിര്‍ദേശം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിഥിത്തൊഴിലാളികളുടെ വാസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനുകീഴില്‍ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടങ്ങളുണ്ടാക്കാന്‍ മാര്‍ഗരേഖയും തയ്യാറാക്കി. കേരളവുമായി അതിഥിത്തൊഴിലാളികളുടെ സാംസ്‌കാരിക ഏകോപനമാണ് ലക്ഷ്യം.

അയല്‍ക്കൂട്ടങ്ങള്‍ക്കുപുറമെ, കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളില്‍ അതിഥിക്കുട്ടികളെക്കൂടി ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. അവധിദിവസങ്ങളില്‍ ചേരുന്ന ബാലസഭകള്‍ വഴി കലാകായിക സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും സാംസ്‌കാരികവിനിമയം സാധ്യമാക്കണം. ഇങ്ങനെ, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അയല്‍ക്കൂട്ടവും ബാലസഭകളും സംഘടിപ്പിക്കാന്‍ ബഹുഭാഷാ വൊളന്റിയര്‍മാരുടെ സേവനവും ലഭ്യമാക്കും.