കോട്ടയം: രണ്ടുദിവസത്തെ കാലവര്‍ഷ പെയ്ത്തില്‍ സംസ്ഥാനത്ത് കെഎസ്ഇബിക്ക് കനത്തനഷ്ടം. 25 ഇലക്ട്രിക്കല്‍ സര്‍ക്കിളിലായി 12000 വൈദ്യുതി പോസ്റ്റുകളാണ് 48 മണിക്കൂറിനിടെ ഒടിഞ്ഞത്. 48 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായി. ആകെ 56.7 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിയ്ക്കുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

18100 ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലായി 30 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിതടസ്സം നേരിട്ടു. ഇതില്‍ 8.6 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനുണ്ടെന്ന് കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ വിഭാഗം പറയുന്നു. സബ്സ്റ്റേഷനിലെ ജീവനക്കാരെക്കൂടി നിയോഗിച്ച് വൈദ്യുതിതടസ്സം നീക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി.

മഴ കുറഞ്ഞാല്‍ ചൊവ്വാഴ്ച വൈകീട്ടോടെ വൈദ്യുതി വിതരണം പൂര്‍ണമായും പുനഃസ്ഥാപിക്കാനാകുമെന്ന് ഡിസ്ട്രിബ്യൂഷന്‍ വിഭാഗം ഡയറക്ടര്‍ സജി പൗലോസ് പറഞ്ഞു.