ആലുവ: ആലുവ റെയില്‍വേ പ്ലാറ്റ്ഫോമില്‍ യുവതിക്ക് സുഖപ്രസവം. ഒഡിഷ സ്വദേശിയായ 19കാരിയാണ് ട്രെയിന്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ പ്ലാറ്റ്ഫോമില്‍ പ്രസവിച്ചത്. പെണ്‍കുട്ടിയ്ക്ക് കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആലുവയില്‍ ട്രെയിന്‍ ഇറങ്ങിയത്. ട്രെയിന്‍ ഇറങ്ങിയ ഉടന്‍ പ്രസവം നടക്കുക ആയിരുന്നു.

അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി ട്രെയിനില്‍ യാത്ര ചെയ്തത്. പെട്ടെന്ന് പെണ്‍കുട്ടിയ്ക്ക് കലശലായ പ്രസവ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ട്രെയിനില്‍ നിന്ന് ആലുവ സ്റ്റേഷനില്‍ ചാടിയിറങ്ങുക ആയിരുന്നു. കുറച്ചുനേരത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി പ്രസവിച്ചു.

റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കിയ ശേഷമാണ് ഡോക്ടേഴ്സിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പെണ്‍കുട്ടിയ്ക്ക് അടുത്തെത്തുകയും അമ്മയേയും കുഞ്ഞിനേയും കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളോട് സംസാരിച്ചുവരികയാണ്.