- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടരഹിത വൈദ്യുതി മേഖല മുഖ്യലക്ഷ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; സംസ്ഥാനതല വൈദ്യതി സുരക്ഷാ വാരാചരണം തുടങ്ങി
തിരുവനന്തപുരം: അപകടരഹിത വൈദ്യുതി മേഖല സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമാണെന്നും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും അതീവ പ്രാധാന്യം നല്‍കണമെന്നും വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈദ്യതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ വര്‍ഷവും ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെ ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുന്നതിലൂടെ വൈദ്യുതി സുരക്ഷാ അവബോധം സമൂഹത്തിലെത്തിക്കാന്‍ കഴിയുന്നുണ്ട്. വൈദ്യുതി അപകടങ്ങളില്‍ ഭൂരിഭാഗവും മനുഷ്യനിര്‍മ്മിതമായ വീഴ്ചകളാണ് കാരണം. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതും അപകടങ്ങള്‍ ഒഴിവാക്കുന്നതും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം. ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഹൈസ്കൂള്‍ തലത്തില്‍ വൈദ്യുതി സുരക്ഷ സംബന്ധിച്ച് നടത്തിയ ഉപന്യാസ, ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം മന്ത്രി നിര്‍വഹിച്ചു. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കിയ ഇടുക്കി, പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജില്ലാ ഓഫീസുകള്‍ക്കും നിലമ്പൂര്‍ കെ.എസ്.ഇ.ബി. എല്‍ ഡിസ്ട്രിബുഷന്‍ സര്ക്കിളിനുമുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു.
അനര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വെലൂരി, ഇ എം സി ഡയറക്ടര്‍ ആര്.ഹരികുമാര്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ഡയറക്ടര്‍ പി. പ്രമോദ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടര്‍ ജി. വിനോദ്, കെഎസ്ഇബിഎല്‍ ചീഫ് സേഫ്റ്റി കമ്മീഷണര്‍ പ്രവീണ്‍ തുടങ്ങിയവര്‍ സന്നിഹിതരായി.