ചെന്നൈ: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കാണാതായ എട്ടുവയസ്സുകാരിയെ എസ്‌ഐയുടെ വീട്ടില്‍ ബോധരഹിതയായി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വൈകുണ്ഠപുരത്തെ സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ആണ് കാണാതായത്. വീട്ടുകാര്‍ തിരക്കി നടന്നിട്ടും കാണാതായതോടെ വിവരം പോലിസില്‍ അറിയിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ എസ്‌ഐയുടെ വീട്ടില്‍ ബോധരഹിതയായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

നുങ്കമ്പാക്കം അരിക്കടൈ സ്ട്രീറ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നാണ് അവശനിലയില്‍ കുട്ടിയ കണ്ടെത്തിയെന്നാണു കുടുംബത്തിന്റെ പരാതി. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയെ എസ്‌ഐ ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ ഇയാളുടെ വീടു വളഞ്ഞു. നുങ്കമ്പാക്കം പൊലീസ് ഇടപെട്ട് കുട്ടിയെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവ ദിവസം വൈകിട്ട് 6 മണിയോടെ കുട്ടി ബോധരഹിതയായി. പീഡനത്തിന്റെ വിശദാംശങ്ങള്‍ ഓര്‍മയില്ലെന്നും കുട്ടി മൊഴി നല്‍കി. എന്തെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് നല്‍കിയോ എന്നും അന്വേഷിക്കുന്നുണ്ട്.