ചെറുവാഞ്ചേരി: കളിപ്പാട്ട കാറിനുള്ളില്‍ കയറിക്കൂടി രാജവെമ്പാല. കുട്ടികള്‍ക്ക് ഇരുന്ന് ഓടിക്കാവുന്ന ഇലക്ട്രോണിക് കാറിനുള്ളിലാണ് രാജവെമ്പാല കയറിക്കൂടിയത്. ചെറുവാഞ്ചേരി കണ്ണവം റോഡ് മുണ്ടയോട് കവലയില്‍ പരാരിപ്പറമ്പ് പി.പി. ശ്രീജിത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് പാമ്പിനെ കണ്ടെത്തിയത്. ശ്രീജിത്തിന്റെ അമ്മ ഗൗരിയാണ് വരാന്തയിലെ കളിപ്പാട്ടത്തില്‍നിന്ന് പത്തിവിടര്‍ത്തി ചീറ്റുന്ന രാജവെമ്പാലയെ ആദ്യം കണ്ടത്. ധൈര്യം വീണ്ടെടുത്ത് അവര്‍ മരുമകള്‍ ഗ്രീഷ്മയെ വിവരം അറിയിച്ചു.

രണ്ടുപേരും ചേര്‍ന്ന് അയല്‍ക്കാരെ വിളിച്ചുവരുത്തി. ഇവര്‍ വനം വകുപ്പധികൃതരെ അറിയിച്ചു. റസ്‌ക്യൂ വൊളന്റിയര്‍ ബിജിലേഷ് കോടിയേരി എത്തി പാമ്പിനെ കൂട്ടിലാക്കി ഉള്‍വനത്തില്‍ വിട്ടു. ശ്രീജിത്തിന്റെ ഏഴുവയസ്സുള്ള മകന്‍ ഋഷിന്‍ കീര്‍ത്തിന്റെ കളിപ്പാട്ട കാറിലാണ് രണ്ടരമീറ്റര്‍ നീളമുള്ള രാജവെമ്പാല കയറിയത്. കണ്ണവം വനമേഖലയ്ക്ക് സമീപമുള്ള പ്രദേശത്താണ് വീടുള്ളത്. തൊട്ടടുത്ത പ്രദേശങ്ങളായ മീന്‍മുട്ടിയില്‍നിന്നും വെങ്ങളത്തുനിന്നും ഇതിനുമുന്‍പ് രാജവെമ്പാലയെ പിടികൂടിയിരുന്നു.

ചൊക്‌ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ ശ്രീജിത്ത് തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്നു. പാനൂര്‍ ഈസ്റ്റ് യുപി സ്‌കൂള്‍ താത്കാലിക അധ്യാപികയാണ് ഗ്രീഷ്മ. ഇതേ വിദ്യാലയത്തില്‍ രണ്ടാംതരം വിദ്യാര്‍ഥിയാണ് ഋഷിന്‍ കീര്‍ത്ത്.