മലപ്പുറം: ചെന്നെയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അഷ്മിലാണ് (19) ദാരുണമായി മരിച്ചത്. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ചെന്നൈക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ് ചെയ്യാനെത്തിയതായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയില്‍ നീന്താനെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവര്‍ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്‌കൂബ ഡൈവിങ് സംഘം തിരച്ചില്‍ ആരംഭിച്ചത്.

വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി. ചങ്കല്‍പേട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു നാട്ടിലെത്തിക്കും. അഷ്മിലിന്റെ മാതാവ് നുസ്രത്ത്. സഹോദരന്‍ അസ്വക്.