- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡില്‍ നിന്നും കിട്ടിയ അഞ്ച് പവനോളം സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിച്ചില്ല; പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ഉടമയ്ക്ക് തിരികെ നല്‍കി യുവാക്കള്‍
റോഡില്‍ നിന്നും കിട്ടിയത് അഞ്ച് പവനോളം സ്വര്‍ണം; ഉടമയ്ക്ക് തിരികെ നല്‍കി യുവാക്കള്‍
ബാലുശ്ശേരി: നടു റോഡില്‍നിന്ന് ലഭിച്ച സ്വര്‍ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി യുവാക്കള്‍. നാലേമുക്കാല്‍ പവന്റെ സ്വര്‍ണം റോഡില്‍ കിടന്ന് കിട്ടിയെങ്കിലും അതൊന്നും ഷുഹൈബിന്റെയും അസ്ബാന്റെയും കണ്ണു മഞ്ഞളിപ്പിച്ചില്ല. വീണുകിട്ടിയ സ്വര്‍ണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് ഉടമകള്‍ക്ക് തിരികെ നല്‍കിയിരിക്കുകയാണ് ഇരുവരും. തിരിച്ചു കിട്ടില്ലെന്ന് കരുതിയ സ്വര്‍ണം തിരികെ കിട്ടിയതോടെ ഉടമകളും ഇരുവര്‍ക്കും നന്ദി പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് എകരൂല്‍ വള്ളിയോത്ത് തോരക്കാട്ടില്‍ ഷുഹൈബിനും വള്ളിയോത്ത് കണ്ണോറക്കണ്ടി അസ്ബാനുമാണ് വഴിയില്‍നിന്ന് നാലേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണം നടുറോഡില്‍ കളഞ്ഞുകിട്ടിയത്. പനായി - നന്മണ്ട റോഡിലൂടെ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് വാഹനം പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ഇരുവര്‍ക്കും സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചത്. കാറിന്റെ ഡോര്‍ തുറന്ന് ഇറങ്ങുന്ന ഭാഗത്തായിരുന്നു സോക്‌സും ആഭരണങ്ങളും കണ്ടത്. ഉടന്‍ തന്നെ ഷുഹൈബും അസ്ബാനും ആഭരണങ്ങള്‍ സ്റ്റേഷനില്‍ ഏല്‍പിച്ചു.
തുടര്‍ന്ന് പൊലീസ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അറിയിപ്പ് നല്‍കി. സ്വര്‍ണം പോയതില്‍ വിഷമിച്ചിരുന്ന കുടുംബം ആ സമയത്താണ് പോലിസിന്റെ അറിയിപ്പു കണ്ടത്. ഉടന്‍ തന്നെ കുടുംബം തെളിവുകള്‍ സഹിതം പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കാറില്‍ നാട്ടിലേക്കു പോകുകയായിരുന്ന കുടുംബത്തിലെ യുവതിയുടെ പാദസരങ്ങളാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ സ്റ്റേഷനില്‍ എത്തി.
ഷുഹൈബിനെയും അസ്ബാനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇന്‍സ്‌പെക്ടര്‍ ടി.പി.ദിനേശിന്റെ സാന്നിധ്യത്തില്‍ ഇരുവരും ആഭരണം യുവതിക്ക് കൈമാറി. തിരിച്ചുകിട്ടാത്തവിധം നഷ്ടമായെന്നു കരുതിയ സ്വര്‍ണാഭരണം തിരികെ ലഭിച്ചതിന്റെ സന്തോഷവും നന്ദിയും യുവാക്കളെയും പൊലീസിനെയും അറിയിച്ചാണ് യുവതിയും കുടുംബവും മടങ്ങിയത്.