കൊട്ടിയൂര്‍: വെള്ളിയാഴ്ച നടക്കുന്ന തൃക്കലശാട്ടോടെ ഈ വര്‍ഷത്തെ വൈശാഖോത്സവം സമാപിക്കും. രാവിലെ നടക്കുന്ന കലശാഭിഷേത്തിന് മുന്‍പേ മുളകളും ഞെട്ടിപ്പനയോലയും കൊണ്ട് നിര്‍മിച്ച ശ്രീകോവില്‍ പിഴുതെടുത്ത് തിരുവഞ്ചിറയില്‍ ഇടും. തുടര്‍ന്ന് കലശാഭിഷേകം നടക്കും.

വ്യാഴാഴ്ച അത്തംനാളില്‍ അവസാനത്തെ ചതുശ്ശതം നിവേദിച്ചു. ദേവസ്വം വകയായിരുന്നു പായസം. പന്തീരടി പൂജയ്‌ക്കൊപ്പമാണ് വലിയവട്ടളം പായസം നിവേദിച്ചത്. ഉച്ചശീവേലിയുടെ മധ്യത്തില്‍ വാളാട്ടം നടന്നു. ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം ഏഴില്ലക്കാര്‍ വിഗ്രഹത്തില്‍നിന്ന് തിരികെ ആവാഹിച്ച് വാളുകളില്‍ ലയിപ്പിക്കുന്നതാണ് വാളാട്ടം. ചപ്പാരം ഭഗവതിയുടെ വാളുകളുമായി ഏഴില്ലക്കാരായ മൂന്ന് വാളശന്മാര്‍ തിരുവഞ്ചിറിയില്‍ ഇറങ്ങിനിന്നാണ് വാളാട്ടം നടത്തിയത്. തുടര്‍ന്ന് കുടിപതികളുടെ തേങ്ങയേറും നടന്നു. പൂവറയ്ക്കും അമ്മാറക്കല്‍ തറയ്ക്കും ഇടയില്‍നിന്നാണ് തേങ്ങയേറ് നടത്തിയത്. കൂത്ത് സമര്‍പ്പണവും നടന്നു.