പാലോട്: അഞ്ചുലക്ഷം രൂപ വിലവരുന്ന ചന്ദനത്തടികളുമായി രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായി കൂരിത്തോടുവീട്ടില്‍ മുഹമ്മദ് അലി (41), കല്ലുവാതുക്കല്‍ നടക്കല്‍ സജീവ് (49) എന്നിവരെയാണ് പാലോട് റെയ്ഞ്ച് ഓഫീസര്‍ വിപിന്‍ചന്ദ്രനും സംഘവും പിടികൂടിയത്. ഇവരില്‍നിന്ന് 90 കിലോയിലധികം ചന്ദനത്തടികള്‍ പിടിച്ചെടുത്തു.

രണ്ടുമാസം മുന്‍പ് ഈ സംഘത്തില്‍പ്പെട്ട ഒരാളെ പത്ത് ചാക്ക് ചന്ദനത്തടിയുമായി പാലോട് റെയ്ഞ്ച് ഓഫീസര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പള്ളിക്കല്‍ തയ്ക്കാവിന് എതിര്‍വശത്തു താമസിക്കുന്ന അബ്ദുള്‍ ജലീലിന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍നിന്നു ചന്ദനം പിടിച്ചു. 102 കഷണം ചന്ദനത്തടി ചാക്കുകളിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളായ മുഹമ്മദ് അലി, സജീവ് എന്നിവര്‍ പിടിയിലായത്. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് അഞ്ചലിലെ സ്വകാര്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളും കണ്ടെടുത്തു.

അന്തസ്സംസ്ഥാന ചന്ദനക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമേഖല. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സന്തോഷ്‌കുമാര്‍, എസ്എഫ്ഒ സന്തോഷ്, ബിഎഫ്ഒമാരായ ബിന്ദു, ഡോണ്‍, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതികളെ നെടുമങ്ങാട് വനംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.