തിരുവനന്തപുരം: കണ്ണടയിലൊളിപ്പിച്ച രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയയാളെ പോലീസ് പിടികൂടി. ശ്രീകോവിലിന് മുന്നില്‍ വരെ എത്തിയ ഇയാളെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് അറസ്റ്റ് ചെയ്യാന്‍ കാരണം. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ(66)യെയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫോര്‍ട്ട് പോലീസിന് കൈമാറിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

സുരേന്ദ്രഷാ ധരിച്ചിരുന്ന കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥന് സംശയം തോന്നുക ആയിരുന്നു. ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കല്‍ മണ്ഡപത്തിലായിരുന്നു സംഭവം. കണ്ണടയില്‍ ക്യാമറയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ റെക്കോഡ് ചെയ്യുകയാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സുരേന്ദ്രഷായും ഭാര്യയും സഹോദരിയും ഉള്‍പ്പെടെ നാലു സ്ത്രീകളും ക്ഷേത്രദര്‍ശനത്തിന് എത്തിയത്. രണ്ടര മണിക്കൂറോളം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ഇയാളെ ആറരയോടെയാണ് പോലീസ് പിടികൂടുന്നത്. ഗുജറാത്തില്‍ വ്യാപാരിയാണ് ഷാ.

കൗതകംകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. കണ്ണടയില്‍ മെമ്മറി കാര്‍ഡുണ്ടായിരുന്നു. ക്യാമറകള്‍ മൊബൈല്‍ ഫോണുമായും ബന്ധിപ്പിച്ചിരുന്നു. വിശദമായ പരിശോധനയ്ക്കായി ഫോണും കണ്ണടയും പോലീസ് പിടിച്ചെടുത്തു. ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ഹാജരാകണമെന്ന് സുരേന്ദ്രഷായോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഫോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുകയുള്ളൂ. അഹമ്മദാബാദില്‍ നിന്നും രണ്ടു ദിവസം മുന്‍പാണ് സുരേന്ദ്രഷായും സംഘവും മധുരയിലെത്തിയത്. തുടര്‍ന്ന് രാമേശ്വരം സന്ദര്‍ശിച്ചശേഷമാണ് തിരുവനന്തപുരത്തെത്തിയത്.