കോഴിക്കോട്: കാക്കൂരില്‍ ചേലാകര്‍മത്തിന് എത്തിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കുഞ്ഞിനെ എത്തിച്ച കാക്കൂരിലെ കോ ഓപ്പറേറ്റീവ് ക്ലിനിക്കില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കുട്ടിയെ ചികില്‍സിച്ച ഡോക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കുഞ്ഞിന്റെ മരണത്തില്‍ ബാലവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് പരിശോധനയ്ക്ക് അയക്കാന്‍ ആരോഗ്യവകുപ്പിനോടും കക്കൂര്‍ പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കുഞ്ഞിന്റെ മരണത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. കുഞ്ഞിന് ലോക്കല്‍ അന്‌സ്തീഷ്യ ആണ് നല്‍കിയത് എന്നും ഡോസ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കുഞ്ഞിന് ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഉടന്‍ നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ച് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മരിച്ച കുഞ്ഞിന്റെ ആന്തരാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പേരുടെ മൊഴി പോലീസ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് നിയോഗിച്ച സംഘം ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ആരോപണം നേരിടുന്ന സ്വകാര്യ ക്ലിനിക്കിലെത്തിയ ആരോഗ്യവകുപ്പ് സംഘം കുട്ടിക്ക് നല്‍കിയ മരുന്നുകളുടെ വിശദാംശങ്ങള്‍ ഇന്നലെ പരിശോധിച്ചിരുന്നു. ചികിത്സാ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.