മുക്കം: അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങിയ രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്‌നിരക്ഷാ സേന. മലപ്പുറം വാഴക്കാട് സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ തലയാണ് കളിക്കുന്നതിനിടെ അലുമിനിയം പാത്രത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

അച്ഛച്ചനുമൊത്ത് കളിക്കുക ആയിരുന്നു കുട്ടി. അച്ഛച്ചന്‍ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരിച്ചു വരുമ്പോള്‍ കുട്ടി അവിടെ ഉണ്ടായിരുന്ന അലൂമിനിയം പാത്രം തലയില്‍ കമഴ്ത്തി നില്‍ക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ പാത്രത്തില്‍ നിന്ന് തല പുറത്ത് എടുക്കുന്നതിനു പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. മുക്കം സ്റ്റേഷന്‍ ഓഫിസര്‍ എം.അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം സൂക്ഷ്മതയോടെ ഇരുപത് മിനിറ്റോളം സമയമെടുത്താണ് കുട്ടിയുടെ തല പാത്രത്തില്‍ നിന്നും വേര്‍പെടുത്തിയത്.