ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പോലിസ് കേസ് എടുത്തു. മുഖത്തും, കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മുമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടിയെ രാത്രി തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

ചേര്‍ത്തല നഗരത്തിലെ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയെ സ്‌കൂളില്ലാത്ത ദിവസം ചേര്‍ഡത്തല നഗരത്തിലെ ചായക്കടയില്‍ ഇരുത്തിയ ശേഷം അമ്മ ലോട്ടറി കച്ചവടത്തിന് പോകും. ഈ സമയത്താണ് ഇതുവഴി പോയ പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയില്‍ കുഞ്ഞിന്റെ ശരീരത്തിലെ മുറിവ് പെട്ടത്.

ദിനൂപ് കുട്ടിയോട് കാര്യ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. മേയ് 24ന് അമ്മയുടെ ആണ്‍ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇയാള്‍ മരിച്ചിരുന്നു.