കാളികാവ്: അമിതമായി ചൂടായതിനെ തുടര്‍ന്ന് പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ മാറ്റിനല്‍കാന്‍ വിസമ്മതിച്ച കമ്പനിയും ഇ-കൊമേഴ്‌സ് സ്ഥാപനവും നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഉപഭോക്താവിന് ഫോണിന്റെ വിലയടക്കം 33,859 രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഫോണിന്റെ വിലയായ 13,859 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നല്‍കാനാണ് കമ്മിഷന്‍ വിധിച്ചത്.

ചോക്കാട് കല്ലാമൂല ചേനപ്പാടി സ്വദേശിയും തിരുവാലി ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരനുമായ നിഷാദ് കിളിയമണ്ണിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. 13,859 രൂപക്കാണ് നിഷാദ് മൊബൈല്‍ വാങ്ങിയത്. രണ്ട് ദിവസത്തിനുശേഷം ഫോണ്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പെട്ടു. മൊബൈല്‍ മാറ്റിനല്‍കണമെന്ന് ഓണ്‍ലൈന്‍ സ്ഥാപനത്തെ അറിയിച്ചു. ഉത്തരവാദിത്വമില്ലെന്ന് അറിയിച്ച ഓണ്‍ലൈന്‍ സ്ഥാപനം മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു.

കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ മാറ്റിനല്‍കാനാകില്ലെന്നും റിപ്പയര്‍ ചെയ്തു നല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് 2024 ഏപ്രില്‍ 24-നാണ് പരാതി സമര്‍പ്പിച്ചത്.ഏഴു ദിവസത്തിനുള്ളില്‍ മൊബൈലിന് എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ മാറ്റിനല്‍കുമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ഫലപ്രദമായ വില്പനാനന്തരസേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്നും അതു നല്‍കുന്നതില്‍ എതിര്‍കക്ഷികള്‍ പരാജയപ്പെട്ടുവെന്നും വിലയിരുത്തിയാണ് കമ്മിഷന്‍ ഉത്തരവ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം പരാതിക്കാരന് ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷനാണ് ഉത്തരവിട്ടത്.