കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങള്‍ വിനിയോഗിക്കേണ്ടതെന്ന് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി കെ പി സി സി ആഹ്വാന പ്രകാരമുള്ള സമരസംഗമം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയം നമുക്ക് വഴികാട്ടിയായി നിലനില്‍ക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ചരിത്ര വിജയം നേടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം. 2026 ല്‍ നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി യു ഡി എഫ് അധികാരത്തിലേക്ക് കടന്നുവരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജനകീയ പ്രശ്നങ്ങളുയര്‍ത്തി കൊണ്ടാണ് നിലമ്പൂരില്‍ യു.ഡി.എഫ് പ്രചരണം നടത്തിയത്. ജനങ്ങള്‍ നമ്മളുടെ കൂടെ നിന്നു. അത് കൊണ്ട് ജനകീയ വിഷയങ്ങളുയര്‍ത്തിയുള്ള പ്രക്ഷോഭം തുടരണം. അതിനായി ഒറ്റകെട്ടായി ഏക മനസോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് വിഭജനം ഉള്‍പ്പെടെ നടന്നു കഴിഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാറിന് അനുകൂലമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കാലിന്റെ അളവിന് അനുസരിച്ച് മുറിക്കുന്നതിന് പകരം ചെരുപ്പിന്റെ അളവ് അനുസരിച്ച് കാല്‍ മുറിക്കുന്നത് പോലെയാണ് വാര്‍ഡ് വിഭജനം നടത്തിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനാവശ്യമായ നീട്ടികൊണ്ട് പോകല്‍ നടത്തുകയാണ്. ഈ മാസം 21 ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പറയുന്നത്. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ തള്ളേണ്ടവരെ തള്ളിക്കാനും ചേര്‍ക്കാനുള്ളവരെ ചേര്‍ക്കാനും പ്രവര്‍ത്തകര്‍ ജാഗരൂകരാകണമെന്നും സണ്ണിജോസഫ് എംഎല്‍എ പറഞ്ഞു.യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍ എം എല്‍ എ, ഷാഫി പറമ്പില്‍ എം പി , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ പ്രസംഗിച്ചു.

ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സജിവ് ജോസഫ് എംഎല്‍എ, അഡ്വ. പി എം നിയാസ്, അഡ്വ. സോണി സെബാസ്റ്റ്യന്‍, പ്രൊഫ. എ ഡി മുസ്തഫ , വി എ നാരായണന്‍, , സജീവ് മാറോളി ,ചന്ദ്രന്‍ തില്ലങ്കേരി ,അഡ്വ. ടി ഒ മോഹനന്‍ ,റിജില്‍ മാക്കുറ്റി ,മുഹമ്മദ് ബ്ലാത്തൂര്‍ ,എം പി ഉണ്ണികൃഷ്ണന്‍ ,രജനി രാമാനന്ദ് , രാജീവന്‍ എളയാവൂര്‍ ,അമൃത രാമകൃഷ്ണന്‍ , ഷമാ മുഹമ്മദ്, എം പി വേലായുധന്‍ ,കൊയ്യം ജനാര്‍ദ്ദനന്‍ , , കെ വി ഫിലോമിന ,തോമസ് വക്കത്താനം ,ടി ജയകൃഷ്ണന്‍ ,വിജില്‍ മോഹന്‍, ശ്രീജ മഠത്തില്‍, എം സി അതുല്‍ ,മധു എരമം തുടങ്ങിയവരും പങ്കെടുത്തു,