കൊച്ചി: പറവൂരില്‍ യുവാവിന് ലഹരി മാഫിയ എന്നു സംശയിക്കുന്ന സംഘത്തിന്റെ ക്രൂരമര്‍ദനം. ഗോതുരുത്ത് ആലുങ്കത്തറ അതുല്‍ ബിജു (22)വിനാണ് ക്രൂരമര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്നു പറവൂരിലേക്കു ബൈക്കില്‍ പോകുമ്പോഴാണ് അതുല്‍ ആക്രമണത്തിന് ഇരയായത്. ചേന്ദമംഗലം പാലിയംനടയില്‍ വെച്ച് അക്രമികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച ശേഷം അക്രമികള്‍ അവരുടെ വാഹനത്തില്‍ കയറ്റി കിഴക്കുംപുറത്ത് കൊണ്ടുപോയി കെട്ടിയിട്ടും തല്ലിയെന്ന് അതുല്‍ പറയുന്നു.

ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. അക്രമികള്‍ വിട്ടയച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ അതുല്‍ സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ഞാറയ്ക്കലിലെ ഹോട്ടലിലെ ജീവനക്കാരനാണ് അതുല്‍.ഇന്നലെ രാവിലെ പതിവുപോലെ ജോലിക്കും പോയി. അതുലിന്റെ ശരീരത്തിലേറ്റ മുറിപ്പാടുകള്‍ കണ്ട സഹപ്രവര്‍ത്തകര്‍, വിവരം വീട്ടുകാരെ അറിയിച്ചു. ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതുലിനെ പരുക്ക് ഗുരുതരമായതിനാല്‍ എറണാകുളം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

പാലിയംനട കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ തമ്പടിക്കാറുള്ള ലഹരി മാഫിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയം. ആക്രമണത്തിലേക്കു നയിച്ചതിന്റെ കാരണം വ്യക്തമല്ല. അതുലിന്റെ മൊബൈല്‍ ഫോണ്‍, പഴ്‌സ് എന്നിവയും അക്രമിസംഘം കൈവശപ്പെടുത്തിയെന്നാണ് ആരോപണം.