തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടു പേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ഫസല്‍ നഗര്‍ സ്വദേശി ബിന്‍ഷാദ് (36), ഇടശേരി സ്വദേശി മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പള്ളി കുട്ടമുഖം സ്വദേശി മുഹമ്മദ് അസ്ലം (28), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ വളവ് സ്വദേശി ഷിഫാസ് (30), വാടാനപ്പള്ളി റഹ്‌മത്ത് നഗര്‍ സ്വദേശി ഫാസില്‍ (24), വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ഷാഫി മുഹമ്മദ് (36), വാടാനപ്പള്ളി ബീച്ച് സ്വദേശി ആഷിഖ് (27), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ. വളവ് വീട്ടില്‍ മുഹമ്മദ് റയീസ് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാത്രിയാണ് സംഭവം. വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിക്കുക ആയിരുന്നു.

ഈ കേസിലെ പരാതിക്കാരന്റെ സുഹൃത്തിന്റെ സഹോദരന്‍ ഷാഫിക്ക് 26000 രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് ജൂണ്‍ 29ന് തൃത്തല്ലൂര്‍ വച്ച് നടന്ന അടിപിടിയില്‍ യുവാവ് ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. യുവാവിനെ വീട്ടില്‍ നിന്നും നടുവില്‍ക്കരയിലെ ദേശീയപാത നിര്‍മാണ സ്ഥലത്തേക്ക് നടുവില്‍ക്കര സ്വദേശിയായ യുവാവിനെ വിളിച്ചു വരുത്തി അവിടെനിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റി തട്ടികൊണ്ടുപോവുകയായിരുന്നു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈല്‍ ഫോണും ഇവര്‍ കവര്‍ന്നു.

ജൂലൈ 18ന് രാത്രിയില്‍ ഒരു യുവാവിനെ നടുവില്‍ക്കരയില്‍ നിന്നും കൊണ്ടുപോയതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമയോചിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വാടാനപ്പള്ളി ഇന്‍സ്പെക്ടര്‍ എന്‍ ബി ഷൈജുവും എസ്.ഐമാരായ സനദ് എന്‍ പ്രദീപും പോലീസ് സംഘവും പരാതിക്കാരനെ തടഞ്ഞ് വച്ച് ആക്രമിച്ച ശാന്തി റോഡിലെ തെങ്ങിന്‍ പറമ്പിലെ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു.