തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ അന്തരിച്ച രാഷട്രീയ പ്രമുഖര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി നടന്‍ വിനായകന്‍. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിലാണ് വിനായകന്‍ മോശപ്പെട്ട ഭാഷയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. വി.എസ്സിനു പുറമെ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്തും സമാനമായ അധിക്ഷേപവുമായ വിനായകന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപ പരാമര്‍ശം. ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. വിനായകന്റെ പുതിയ പോസ്റ്റിനെതിരേയും വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തെരുവില്‍ മുദ്രവാക്യം വിളിച്ചതിന്റെ പേരിലാണ് വിനായകന് അധിക്ഷേപം നേരിടേണ്ടി വന്നത്. നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ ചിലര്‍ രംഗത്തെത്തിയത്. തനിക്കെതിരെയുള്ള അധിക്ഷേപ കമന്റുകളുടേയും പോസ്റ്റുകളുടേയും മറ്റും സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

വിഎസിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിലാണ് വിനായകന്‍ പങ്കെടുത്തത്. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാദ്യം ഏറ്റുവിളിക്കുന്ന വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപങ്ങളുയരുന്നത്.