തിരുവല്ല: തെറ്റായ ദിശയില്‍ സ്‌കൂട്ടര്‍ ഓടിച്ചു വന്നത് ചോദ്യം ചെയ്തതിന് ബൈക്ക് യാത്രികനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഉമയാറ്റുകര കല്ലിശ്ശേരി വള്ളിച്ചിറയില്‍ വീട്ടില്‍ വി.ആര്‍. രാഹുലിനെ (32) ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ഓതറപണ്ടാരത്തറയില്‍ വീട്ടില്‍ ജോണ്‍ പി. വര്‍ഗീസ്, സഹോദരന്‍, മാതാവ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കേസില്‍ ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞ് നാലിന് വൈകിട്ട് 5.30 ന് വെസ്റ്റ് ഓതറ കാഞ്ഞിരത്താമോടിയില്‍ വച്ചാണ് സംഭവം. ജോണ്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ രാഹുലും മറ്റൊരാളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പാഞ്ഞു ചെല്ലുകയായിരുന്നു. ഒപ്പമുള്ള ആളാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. പരിഭ്രാന്തനായ ജോണ്‍ ഇങ്ങനെയാണോ വണ്ടി ഓടിക്കുന്നത് എന്ന് ചോദിച്ച് പ്രതികളെ ചോദ്യംചെയ്തു. ഇതില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയത്. പിന്നീട് രണ്ടു പേര്‍ കൂടി ആക്രമണത്തിന് എത്തി.

ജോണിനെ നിലത്തിട്ട് ചവിട്ടുകയും ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും ചെയ്യുന്നത് കണ്ട് ഓടിയെത്തിയ സഹോദരനെയും പ്രതികള്‍ മര്‍ദിച്ചു. മക്കളെ മര്‍ദിക്കുന്നത് കണ്ട് വന്ന മാതാവിനെയും മര്‍ദ്ദിച്ചു. ജോണിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിനെ കുമ്പനാട് പുല്ലാടുള്ള ഭാര്യവീടിനു സമീപത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ മറ്റു പ്രതികളുടെ കൈവശമാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. മൂന്നു പ്രതികള്‍ ഒളിവിലാണ്. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ്.ഐ ഡോമിനിക് മാത്യു, എസ്.സി.പി.ഓമാരായ പുഷ്പദാസ്, അഖിലേഷ്, സി.പി.ഓ ടോജോ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.