- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ സുരക്ഷ പ്രധാനം; എല്ലാ സ്‌കൂളുകളിലും സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം: കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂളുകളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുതി ലൈനുകള്‍, താഴ്ന്ന് കിടക്കുന്ന കേബിളുകള്‍, സ്‌കൂള്‍ കെട്ടിടത്തിനകത്തേക്ക് വൈദ്യുതി കടത്തിവിടുന്ന സര്‍വീസ് വയറുകള്‍, ട്രാന്‍സ്‌ഫോമറുകള്‍ തുടങ്ങിയവ അപകടകരമായി സ്ഥിതി ചെയ്യുന്നില്ലെന്നു ഉറപ്പാക്കണം. ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍, പൊളിഞ്ഞു നില്‍കുന്ന മതിലുകള്‍ കാലതാമസമില്ലാതെ പൊളിച്ച് നീക്കണം. സ്‌കൂള്‍ വളപ്പുകളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണം. സ്‌കൂള്‍ സുരക്ഷ ക്യാമ്പയിനോടൊപ്പം ലഹരി വിരുദ്ധ ക്യാമ്പയിനും പരിശോധനയും ശക്തമാക്കണം. ഓഗസ്റ്റ് 15ന് മുമ്പായി പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ എല്ലാ സ്‌കൂളുകളിലും സുരക്ഷ യോഗവും സുരക്ഷ ഓഡിറ്റിങ്ങും നടത്തി ഡി ഇ ഒ, എ ഇ ഒ മാര്‍ തഹസില്‍ദാരെ വിവരങ്ങള്‍ അറിയിക്കണം. സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പരിഹരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ ഉണ്ണികൃഷ്ണമേനോന്‍, കൊല്ലം റൂറല്‍ അഡീഷണല്‍ എസ് പി ഷാനിഹാന്‍, ഡി.ഇ.ഒ സി.എസ് അമൃത, തഹസില്‍ദാര്‍ മോഹനകുമാരന്‍ നായര്‍, എസ്.എസ്.കെ ജില്ലാ കോഡിനേറ്റര്‍ ജി.കെ ഹരികുമാര്‍, കൊട്ടാരക്കര ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ റസിയ ബീവി, കൊട്ടാരക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂളുകളിലെ പ്രഥമ അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.