പത്തനംതിട്ട: മോഷ്ടിച്ചതെന്ന് കരുതുന്ന വസ്തുക്കളുമായി നാട്ടുകാര്‍ തടഞ്ഞു വച്ച് പത്തനംതിട്ട പോലീസിന് കൈമാറിയയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു. കോന്നി അതിരുങ്കല്‍ കളഗിരി കിഴക്കേതില്‍ വീട്ടില്‍ എസ് രാഹുല്‍( 26) ആണ് സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെ പിടിയിലായത്. വാഴമുട്ടം ഈസ്റ്റ് സ്വദേശിയുടെ ഉടമസ്ഥതയില്‍ വാഴമുട്ടത്തു പ്രവര്‍ത്തിക്കുന്ന വൃന്ദ സ്റ്റോഴ്സില്‍ നിന്നും രണ്ട് ദിവസങ്ങളിലായി പ്ലംബിംഗ് ഇലക്ട്രിക് സാധനങ്ങള്‍ മോഷണം പോയിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ സംശയകരമായ സാഹചര്യത്തില്‍ കല്ലറക്കടവില്‍ വച്ച് ഇയാളെ തടഞ്ഞുവച്ച ശേഷം പോലീസിനെ അറിയിച്ചു. പത്തനംതിട്ട പോലീസെത്തി കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു,രാവിലെ 9 നാണ് കാടമുറിക്കുള്ളില്‍ സൂക്ഷിച്ച സാധനങ്ങള്‍ പൂട്ട് പൊട്ടിച്ചു അകത്തുകയറി മോഷ്ടിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ മോഷ്ടിച്ച മുതലുകള്‍ പോലീസ് കണ്ടെടുത്തു.