തൃശ്ശൂര്‍: സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി റിപ്പോര്‍ട്ട്. 2024-25-ല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 ശതമാനം പേരും 19-നും 25-നും ഇടയിലുള്ളവരാണ്. മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളില്‍ എച്ച്‌ഐവി കൂടാന്‍ കാരണമെന്നാണ് എയ്ഡ്‌സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം.

രോഗം സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളില്‍ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരണ്‍) എന്ന കാംപെയ്നിലൂടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലുമായി ബോധവത്കരണപ്രചാരണം ഊര്‍ജിതമാക്കാനാണ് തീരുമാനം. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം.

വര്‍ഷം 19-നും 25-നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍

2021-22 76

2022-2023 131

2023-2024 181

2024-2025 197