പേരാമ്പ്ര: നിര്‍ത്തിയിട്ട ലോറി പിന്നോട്ട് നിരങ്ങി നീങ്ങിയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. അഞ്ചാംപീടിക അരിക്കുളം റോഡില്‍ അഞ്ചാംപീടികയ്ക്ക് സമീപമാണ് സംഭവം. അഞ്ചാംപീടിക പൂവറ്റംകണ്ടി മഞ്ജിമയാണ് (24) ലോറിക്കടിയിലേക്ക് സ്‌കൂട്ടറുമായി മറിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് മഞ്ജിമ രക്ഷപ്പെട്ടത്.

സ്‌കൂട്ടറില്‍ തട്ടിയ ഉടനെ ലോറി നിന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. കാലിനുപരിക്കേറ്റ യുവതി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഫര്‍ണിച്ചര്‍ കടയില്‍ ലോഡ് ഇറക്കാനായി വന്നതായിരുന്നു ലോറി. റോഡില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്‍വശത്തായി സ്‌കൂട്ടര്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു മഞ്ജിമ.

ലോറി പെട്ടെന്ന് പിറകിലോട്ട് നീങ്ങുകയും മഞ്ജിമക്ക് സ്‌കൂട്ടര്‍ മാറ്റാന്‍ കഴിയുന്നതിന് മുന്‍പ് തട്ടുകയുമായിരുന്നു. സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞുവീണ് മഞ്ജിമയും റോഡിലേക്ക് വീണു.