തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ എഴുത്തുകാരി ഹണി ഭാസ്‌കര്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഹണി ഭാസ്‌കര്‍ പരാതി നല്‍കിയത്. ഇമെയില്‍ വഴിയാണ് പരാതി അയച്ചത്.

ഡിവൈഎഫ്ഐ നേതാക്കള്‍ക്കും ഇടതുപക്ഷ സഹയാത്രികര്‍ക്കുമൊപ്പം നില്‍ക്കുന്ന ഹണി ഭാസ്‌കരന്റെ ചിത്രങ്ങള്‍ മോശം തലക്കെട്ടുകള്‍ നല്‍കി പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞെന്നും എതിര്‍ രാഷ്ട്രീയത്തില്‍ ഉള്ളവര്‍ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാന്‍ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമായിരുന്നു ഹണി ഭാസ്‌കരന്റെ ആരോപണം.

രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി ഭാസ്‌കര്‍ കുറിച്ചു. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹണി ഭാസ്‌കറിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.