കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ വരുന്നു. ഫ്‌ളൈ 91, ആകാശ്, സൗദി എയര്‍ലൈന്‍സുകളാണ് പുതുതായി സര്‍വീസ് നടത്തുക. ഒക്ടോബറില്‍ മൂന്ന് കമ്പനികളും കരിപ്പൂരില്‍ നിന്നും സര്‍വീസ് തുടങ്ങും.

മലബാറിലെ വിനോദസഞ്ചാരികള്‍ക്ക് ആവേശം പകര്‍ന്ന് ഫ്‌ളൈ 91 വിമാനക്കമ്പനി ഗോവ, അഗത്തി സര്‍വീസാണ് ആംഭിക്കുന്നത്. ശൈത്യകാല ഷെഡ്യൂള്‍ ആരംഭിക്കുന്ന ഒക്ടോബറില്‍ ഇത് തുടങ്ങും. മലബാറില്‍നിന്ന് ഒട്ടേറെ വിനോദസഞ്ചാരികള്‍ ഗോവയിലേക്കും ലക്ഷദ്വീപിലേക്കും പോകാറുണ്ട്. കൂടുതല്‍പേരും കൊച്ചിയില്‍നിന്ന് കപ്പലിലാണ് പോകുന്നത്. കപ്പലില്‍ സീറ്റുകള്‍ കുറവായതും നേരത്തേ ബുക്ക് ചെയ്യേണ്ടിവരുന്നതും കൂടുതല്‍സമയം ആവശ്യമായതും കാരണം ഇപ്പോള്‍ വിമാനയാത്രയാണ് കൂടുതല്‍പേരും തിരഞ്ഞെടുക്കുന്നത്. ഗോവയില്‍നിന്ന് കുറഞ്ഞചെലവില്‍ അഗത്തിയിലേക്ക് വിമാനസര്‍വീസ് ഉണ്ട്.

കരിപ്പൂരില്‍നിന്ന് നേരിട്ട് അഗത്തിയിലേക്ക് സര്‍വീസ് വരുന്നതോടെ കുറഞ്ഞസമയംകൊണ്ട് ലക്ഷദ്വീപിലെത്താം. ആഭ്യന്തര വിനോദസഞ്ചാരമേഖലയ്ക്ക് ഈ സര്‍വീസ് വലിയ നേട്ടമാകും. കോഴിക്കോട് കേന്ദ്രമാക്കി ഒട്ടേറെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ലക്ഷദ്വീപ് പാക്കേജ് നടത്തുന്നുണ്ട്.

ഒക്ടോബറില്‍ 'ആകാശ് എയറും' കരിപ്പൂരില്‍നിന്ന് സര്‍വീസ് തുടങ്ങും. ആദ്യഘട്ടത്തില്‍ ബെംഗളൂരു, മുംബൈ സര്‍വീസുകളാണ് ഉണ്ടാവുക. രണ്ടാംഘട്ടത്തില്‍ ജിദ്ദ, ദമാം സര്‍വീസുകളും തുടങ്ങും. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും ജിദ്ദ സര്‍വീസ് പ്രയോജനപ്പെടും. സൗദി എയര്‍ലൈന്‍സ് ഒക്ടോബറില്‍ കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.