തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ സാമൂഹികസുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ശനിയാഴ്ചമുതല്‍ വിതരണം ചെയ്യും. ഇതിനായി 1679 കോടി അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുക. ഓഗസ്റ്റിലെ പെന്‍ഷനുപുറമേ ഒരു ഗഡു കുടിശ്ശികകൂടിയാണ് അനുവദിച്ചത്. രണ്ടുമാസത്തെ കുടിശ്ശികയാണുണ്ടായിരുന്നത്. പെന്‍ഷന്‍ വിതരണം അടക്കമുള്ള ചെലവുകള്‍ക്കായി രണ്ടായിരംകോടി കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു. അടുത്തയാഴ്ച 3000 കോടി വീണ്ടും കടമെടുക്കുന്നുണ്ട്.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്കും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍വഴി വീട്ടിലെത്തിച്ചുമാണ് പെന്‍ഷന്‍ നല്‍കുക. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരവുവെക്കേണ്ടത്.