ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍നിന്ന് യാത്രതിരിച്ച ഉടനെയാണ് ട്രെയിനില്‍ നിന്നും പുക ഉയര്‍ന്നത്. ട്രെയിനിലെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ഇതോടെ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തി.

ബ്രേക്ക് ബൈന്‍ഡിങ്ങാണ് പുക ഉയരാന്‍ കാരണമായതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തകരാര്‍ പരിഹരിച്ചശേഷം ട്രെയിന്‍ യാത്രതുടര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് 40 മിനിറ്റോളം വൈകിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്.