ഇടുക്കി: കാന്തല്ലൂരില്‍ കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 600 രൂപ വരെ ലഭിച്ചിരുന്ന വെളുത്തുള്ളി വില ഇത്തവണ 60 രൂപയിലേക്ക് ഇടിഞ്ഞു. 2024ല്‍ നല്ല വില കിട്ടിയതിനാല്‍, മറ്റ് ശീതകാല പച്ചക്കറി കൃഷികള്‍ ഒഴിവാക്കി ഭൂരിഭാഗം കര്‍ഷകരും വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. വില ഇടിഞ്ഞതോടെ കര്‍ഷകരെല്ലാം പ്രതിസന്ധിയിലായി. നാലരമാസം വന്യജീവി ആക്രമണം തടയാന്‍ കാവലിരുന്ന്, കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിച്ച് വിളവെടുത്ത വെളുത്തുള്ളിക്ക് പത്തിലൊന്ന് വില മാത്രമാണ് ഇത്തവണ കിട്ടുന്നത്.

മധുരയ്ക്ക് സമീപമുള്ള വടുകുപെട്ടി, മേട്ടുപാളയം എന്നീ വിപണികളിലാണ് കാന്തല്ലൂര്‍ വെളുത്തുള്ളി വില്പനക്കായി എത്തിക്കുന്നത്. കൂടുതല്‍ കര്‍ഷകരും ഇടനിലക്കാര്‍ മുഖേനയാണ് വില്‍ക്കുന്നത്. വിപണികളിലേക്ക് വെളുത്തുള്ളിയുടെ വരവ് ഗണ്യമായി വര്‍ധിച്ചത് വില കുറയാന്‍ കാരണമായെന്ന് ഇടനിലക്കാര്‍ പറയുന്നു.

അവിടെ പരമാവധി 100 രൂപയേ ഇപ്പോള്‍ കിട്ടുന്നുള്ളൂ. വാഹനക്കൂലിയും വിപണിയിലെ കമ്മിഷനും കുറച്ച്, 60 രൂപയേ ഇടനിലക്കാര്‍ കര്‍ഷകന് നല്കുന്നുള്ളൂ. കഴിഞ്ഞതവണ നല്ലവില ലഭിച്ചതിനാല്‍, കാന്തല്ലൂര്‍ ഗ്രാമങ്ങളിലെ ഭൂരിഭാഗം കര്‍ഷകരും തരിശായികിടന്ന സ്ഥലത്തുപോലും വെളുത്തുള്ളി കൃഷിചെയ്തു. വെളുത്തുള്ളിക്ക് വില കുറഞ്ഞതിനാല്‍ ഈ ഓണക്കാലം ഇവര്‍ക്ക് വറുതിയുടേതാകും.

കാന്തല്ലൂര്‍, വെളുത്തുള്ളി, വില ഇടിഞ്ഞു