കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളിയില്‍ ഇരുനില വീടിന്റെ വാതില്‍ കുത്തി തുറന്ന് കവര്‍ച്ച നടത്തിയ വീട്ടുകാരുടെ അടുത്ത ബന്ധുവായ 19 വയസുകാരന്‍ അറസ്റ്റില്‍. വീട്ടിലെ മുകള്‍നിലയിലെ കിടപ്പുമുറിയിലെ മേശവലിപ്പില്‍ സൂക്ഷിച്ച നാലര പവന്റെ സ്വര്‍ണാഭരണങ്ങളും ഒന്‍പതു ലക്ഷം രൂപയും കവര്‍ന്ന ചിറക്കല്‍ കാട്ടാമ്പള്ളി പരപ്പില്‍ വയലില്‍ പി. മുഹമ്മദ് റിഫാനയാ (19) ണ് വളപട്ടണം പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പരപ്പില്‍ വയലിലെ പി. ഫാറൂഖിന്റെ മാതാവും സഹോദരിയും താമസിക്കുന്ന തറവാട്ട് വീട്ടില്‍ കവര്‍ച്ച നടന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ വീടിന്റെ മുകള്‍നിലയിലെ പുറകുവശത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന യുവാവ് ഫാറൂഖിന്റെ മാതാവ് താമസിക്കുന്ന മുറിയിലെ മേശവലിപ്പില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത്. തുടര്‍ന്ന് വളപട്ടണം പൊലിസ് ഇന്‍സ്‌പെക്ടര്‍ വിജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് വീട്ടുകാരുടെ അടുത്ത ബന്ധുവായ യുവാവ് കുടുങ്ങിയത്. വീടിനെ കുറിച്ചു നന്നായി അറിയാവുന്ന ആരെങ്കിലുമാണ് മോഷണം നടത്തിയതെന്ന് പൊലിസിന് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇതു പ്രകാരം നടത്തിയ സി.സി.ടി.വി ക്യാമറാ പരിശോധനയിലാണ് കുടുംബത്തിന്റെ ബന്ധുവായ യുവാവ് കുടുങ്ങിയത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.