മൂന്നാര്‍: അരുവിക്കാട് ക്ഷേത്രത്തിന്റെ പൂട്ടുതകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലുപവന്‍ സ്വര്‍ണമാലയും പണവും മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കുണ്ടള സാന്‍ഡോസ് നഗറില്‍ ഗൗതം (20), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. 18-ന് രാത്രിയാണ് അരുവിക്കാട് മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്.

മാലയും ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന പണവും പഴയകാല നാണയങ്ങളുമാണ് മോഷണം പോയത്. മൂന്നാര്‍ ടൗണില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ കുണ്ടളയിലെ വീട്ടില്‍നിന്ന് ഒന്നര പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. ഗൗതമിനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തി ആകാത്തയാളെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കി.