- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ല; മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ; താമരശ്ശേരി ചുരം യാത്ര ഒഴിവാക്കുന്നതാണ് നല്ലത്
കോഴിക്കോട്: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശേരി ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് അദ്ദേഹം പ്രതികരിച്ചു. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിലവില്‍ ചെറിയ വാഹനങ്ങള്‍ മാത്രമേ കടത്തി വിടുന്നുള്ളൂ. ഉച്ചകഴിഞ്ഞ് വിദഗ്ധ സംഘം പരിശോധിക്കും. ഭാരവാഹനങ്ങള്‍ കടത്തിവിടുന്നതില്‍ അതിന് ശേഷം മാത്രം തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും കളക്ടര്‍ വ്യക്തമാക്കി. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
റോഡിന്റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.